ഖലീഫാ ഉമര്‍ : ജീവിതവും സന്ദേശവും

ഖലീഫ ഉമറിന്റെ വാൾ
ഇസ്ലാമിക ഭരണസംവിധാനമായ ഖിലാഫത്തിലെ രണ്ടാമത്തെ ഖലീഫയാണ് ഖലീഫ ഉമർ. നീതിനിഷ്ടനും ധർമിഷ്ടനും ധീരനുമായ ഭരണാധികാരിയായിരുന്നു അദ്ദേഹം.  ഒന്നാം ഖലീഫ അബൂബക്കർ സിദ്ധീഖിന്‍റെ കാലശേഷം പത്ത്‌ വർഷം അദ്ദേഹം ഭരണം നടത്തി. അദ്ദേഹത്തിന്റെ കാലത്താണ് ഇസ്ലാമിക സമൂഹം ഈജിപ്തും, പേർഷ്യയും, റോമും കീഴടക്കിയത്. മുഹമ്മദ്‌ നബിയുടെ ഏറ്റവും പ്രധാനപ്പെട്ട അനുയായി കൂടിയായിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക്‌ ഒരെത്തിനോട്ടമാണ് ഈ ലേഖനം.

പേരുകള്‍:
പേര്: ഉമര്‍ ഇബ്നു അല്‍ഖത്താബ്
(ഖത്താബിന്റെ മകന്‍ ഉമര്‍)
നബി നല്‍കിയ പേര്: അല്‍ഫാറൂഖ്
(സത്യാസത്യ വിവേചകന്‍)
വിളിപ്പേര് : അബു ഹഫ്സ (ഹഫ്സയുടെ പിതാവ്)
പൂര്‍ണ്ണ നാമം:  ഉമര്‍ ഇബ്നു അല്‍ഖത്താബ് ഇബ്നു നുഫയില്‍ ഇബ്നു അബ്ദുള്‍ ഉസ്സ ഇബ്നു റിയാ ഇബ്നു  അബ്ദുള്ള ഇബ്നു ഖുറൂത്ത്‌ ഇബ്നു റസ്സാ ഇബ്നു അദിയ്യ് ഇബ്നു  കഅബ് ഇബ്നു ലുഅയ്യ ഇബ്നു ഗാലിബ് അല്‍ഖുറൈശി അല്‍അദാമി.

ജനനം
ക്രിസ്ത്വബ്ദം 583 ൽ മക്കയിലെ ഖുറൈഷി ഗോത്രത്തിലെ ബനൂ അദിയ്യ് കുടുംബത്തിൽ. ആരോഗ്യധൃടഗാത്രനും ആജാനുബാഹുവും ആയിരുന്നു ഉമര്‍. നീളമുള്ള കൈകാലുകള്‍, ഉറച്ച ശരീരം, കഷണ്ടി, ചുവപ്പു കലര്‍ന്ന വെളുപ്പ്‌ നിറം, സുന്ദരമായ മൂക്കും കണ്ണുകളും കവിളുകളും, മൈലാഞ്ചി  ഉപയോഗിച്ച് ചുവപ്പിച്ച മുടി, നീളമുള്ള മീശ ഇവയൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ശാരീരിക സവിശേഷതകള്‍. അദ്ദേഹം വേഗത്തില്‍ നടക്കുന്ന, വ്യക്തമായി സംസാരിക്കുന്ന, ഇടിക്കുമ്പോള്‍ ശക്തിയോടെ ഇടിക്കുകയും ചെയ്യുന്ന ആളായിരുന്നു.
കുടുംബം അല്‍ഖത്താബ് ഇബ്നു നുഫയില്‍
പിതാമഹന്‍ :  നുഫയില്‍ ഇബ്നു അബ്ദുള്‍ ഉസ്സ
മാതാവ്‌:  ഹന്തമാഹ് ബിന്‍ത് ഹാഷിം ഇബ്നു അല്‍മുഗീറ
ഭാര്യമാര്‍: സൈനബ് ബിൻത് മദ്ഊൻ, മലീക ബിൻത് ജർവാൽ, കുറൈബ ബിൻത് അബി ഉമയ്യ അൽ മക്സൂമി, ഉമ്മു ഹക്കീം ബിൻത് അൽ ഹാരിത് ഇബ്നു ഹിഷാം, ജമീല ബിൻത് ആസിം, ആതിഖ ബിൻത് സൈദ്, ഉമ്മു ഖൽത്തൂം ബിൻത് അലി, ലുഹ്‌യാ, ഫക്കീറ
മക്കള്‍: സൈദ് അക്ബർ, സൈദ് അസ്‌ഹർ, ആസിം, അബ്ദുള്ള, അബ്ദുൾ റഹ്മാൻ അക്ബർ, അബ്ദുൾ റഹ്മാൻ വസദ്, അബ്ദുൾ റഹ്മാൻ അസ്‌ഹർ, ഉബൈദുള്ള, ഇയാദ്, ഹഫ്സ, റുഖിയ, സൈനബ്, ഫാത്തിമ

ഇസ്ലാമിനു മുമ്പ്:
അക്കാലത്തെ അറബികളിൽ എഴുത്തും വായനയും അറിയുന്ന അപൂർവ്വം വ്യക്തികളിലൊരാളായിരുന്നു ഉമർ. കര്‍ക്കശക്കാരനായിരുന്ന പിതാവിന്‍റെ കീഴില്‍ ആഡംബരങ്ങളില്ലാത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.  ബാല്യത്തിൽ തന്നെ  ഉമര്‍ പിതാവിന്റെ ആടുകളെയും ഒട്ടകങ്ങളെയും മേക്കുന്ന ജോലിയും വിറകുശേഖരിക്കുന്ന ജോലിയും ചെയ്തിരുന്നു. മാതൃ സഹോദരിമാര്‍ക്കു വേണ്ടിയും ഇടയജോലി ചെയ്തിരുന്ന അദ്ദേഹത്തിന് ഒരുപിടി ഈന്തപ്പഴമോ ഉണക്ക മുന്തിരിയോ ആണ് അവര്‍ പ്രതിഫലമായി നല്‍കിയിരുന്നത്.

ബുദ്ധിശക്തി, നേതൃത്വഗുണം, മികച്ച ആശയ വിനിമയ ശേഷി, ആരോഗ്യ ശേഷി, പ്രേരണാ ശക്തി, ശാന്തത  എന്നീ വ്യക്തി ഗുണങ്ങള്‍ ഉമറിനുണ്ടായിരുന്നു. ആയോധനവിദ്യ, ഗുസ്തി, കുതിരയോട്ടം, ഒട്ടകസവാരി തുടങ്ങി എല്ലാത്തരം  കായിക രംഗങ്ങളിലും പ്രാവീണ്യം നേടിയിരുന്ന അദ്ദേഹത്തെ തോൽപ്പിക്കാൻ അന്ന് മക്കയിലും പരിസരത്തും ആരും ഉണ്ടായിരുന്നില്ല. സാഹിത്യത്തിലും, വിജ്ഞാനം നേടുന്നതിലും കൂടുതൽ താല്പര്യം കാണിച്ചിരുന്ന ഉമര്‍ കവിതകളുടെ ആസ്വാദകനും നിരൂപകനും കൂടി ആയിരുന്നു. അറബ് ചരിത്രത്തിലും സംസ്കാരത്തിലും താല്പര്യം ഉണ്ടായിരുന്ന അദ്ദേഹം അതുമായി ബന്ധപ്പെട്ട മേളകളില്‍ പങ്കെടുത്തിരുന്നു.

യൗവനത്തോടെ കച്ചവട രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം കച്ചവട സംഘത്തോടൊപ്പം സിറിയയിലേക്കും, യമനിലേക്കും പതിവായി യാത്ര ചെയ്യാറുണ്ടായിരുന്നു. അങ്ങനെ സാമ്പത്തികമായി അദ്ദേഹം മെച്ചപ്പെട്ട അവസ്ഥയില്‍ എത്തിച്ചേര്‍ന്നു.   തർക്കങ്ങൾക്ക് മാധ്യസഥം വഹിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അറബികൾക്കിടയിൽ അദ്ദേഹത്തെ ആദരണീയ വ്യക്തിയാക്കി മാറ്റി. സ്വന്തം ഗോത്രമായ ഖുറൈഷിന്‍റെ ദൂതനായി മറ്റ് ഗോത്രക്കാരുമായുള്ള പ്രശ്നങ്ങള്‍ ഉമര്‍ അനുരഞ്ജനത്തിലാക്കിയിരുന്നു. 

ഗോത്രപാരമ്പര്യത്തിനും ആചാരങ്ങള്‍ക്കും വിലകല്‍പ്പിച്ചിരുന്ന ഉമര്‍ തുടക്കത്തില്‍ ഇസ്ലാമിന്‍റെ കടന്നുവരവിനെ ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചിരുന്നു. മക്കയിലെ ഖുറൈഷ്‌ ഗോത്രത്തിന്  അന്ന്‍ അറബികള്‍ക്കിടയിലുണ്ടായിരുന്ന മതിപ്പ്‌ കുറയാന്‍ ഇസ്ലാമിന്‍റെ വ്യാപനം ഇടയാക്കുമെന്നും അത് അവരുടെ സംസ്കാരത്തെ ഇല്ലാതാക്കുമെന്നും ഭയപ്പെട്ടതിനാലായിരുന്നു അത്.  ഉമര്‍ തന്‍റെ അടിമയായ സ്ത്രീ മുസ്ലിം ആയതിനെത്തുടര്‍ന്ന്‍ അവരെ തുടര്‍ച്ചയായി മര്‍ദ്ദിക്കുമായിരുന്നു. ഒരു ദിവസം ഇത് ശ്രദ്ധയില്‍പ്പെട്ട അബൂബക്കര്‍ ഉമറിന്റെ കയ്യില്‍ നിന്നും ആ അടിമയെ വിലയ്ക്കു വാങ്ങി മോചിപ്പിച്ചു.

ഉമര്‍ തന്‍റെ എല്ലാ കഴിവുകളും ഉപയോഗിച്ചു കൊണ്ട് ഇസ്ലാമിനെതിരേ പ്രവര്‍ത്തിച്ചിരുന്നു. ഇസ്ലാം തങ്ങളുടെ ആചാരങ്ങള്‍ക്ക് ഭീഷണിയാകുമെന്ന്‍ മനസ്സിലാക്കിയ മക്കാ നിവാസികള്‍ ഒന്നിച്ചുകൂടി മുഹമ്മദ് നബിയെ വധിക്കാന്‍ ആലോചിച്ചു. അപ്പോള്‍ നബിയെ വധിക്കാനുള്ള ചുമതല ഉമര്‍ സ്വയം ഏറ്റെടുത്ത്‌ നബിയേയും കൂട്ടരേയും അന്വേഷിച്ചു നടക്കുമ്പോള്‍ കണ്ടുമുട്ടിയ ഒരാളില്‍ നിന്നും ഉമറിന് തന്‍റെ സ്വന്തം സഹോദരിയും ഭര്‍ത്താവും കുടുംബവും മുസ്ലിം ആയ വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് ഉമര്‍ കോപാകുലനായി തന്‍റെ സഹോദരിയായ ഫാത്തിമയുടെ വീട്ടിലേക്ക് കുതിച്ചു.  അദ്ദേഹം അവിടെയെത്തുമ്പോള്‍ അവര്‍ ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അവര്‍ മുസ്ലിമായത് ശരിയാണെന്നു മനസ്സിലാക്കിയ ഉമര്‍ തന്‍റെ സഹോദരിയേയും ഭര്‍ത്താവിനേയും ഉപദ്രവിക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ തന്‍റെ പ്രവൃത്തിയില്‍ വിഷമം തോന്നിയ ഉമര്‍ ശാന്തനാകുകയും അവര്‍ പാരായണം ചെയ്തു കൊണ്ടിരുന്ന ഖുര്‍ആന്‍ വായിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഇതുകേട്ട ഉമറിന്‍റെ സഹോദരി വുളു ചെയ്ത്‌ (ശരീരം ശുദ്ധിയാക്കി) വരാന്‍ ഉമറിനോട് ആവശ്യപ്പെട്ടു. വുളു ചെയ്ത്‌ വന്ന ഉമര്‍ ഖുര്‍ആന്‍ വായിക്കുകയും അതിനോട് അദ്ദേഹത്തിന് മതിപ്പു തോന്നുകയും തുടര്‍ന്ന് പ്രവാചക സന്നിധിയിലെത്തി ഇസ്ലാംമതം സ്വീകരിക്കുകയും ചെയ്തു.


നബിയുമായുള്ള വ്യക്തിബന്ധം:
ഇസ്‌ലാം മതം സ്വീകരിക്കുന്നതിനു മുമ്പ് നബിയുടെ കടുത്ത ശത്രുവായിരുന്ന ഉമർ,മുസ്ലിമായതിനു ശേഷം നബിയുടെ അടുത്ത സുഹൃത്തും അനുയായിയും ആയി മാറി. ഉമറിന്റെ വിധവയായിരുന്ന മകൾ ഹഫ്സയെ നബി വിവാഹം കഴിക്കുക വഴി ഉമർ നബിയുടെ ഭാര്യാപിതാവു കൂടിയായി. "തനിക്കു ശേഷം ഒരു പ്രവാചകനുണ്ടായിരുന്നെങ്കിൽ അത് ഉമറാകുമായിരുന്നു" എന്ന നബിവചനം നബിക്ക് ഉമറിനോടുള്ള ആദരവ് വ്യക്തമാക്കുന്നു. ഭരണപരമായ കാര്യങ്ങളിൽ നബി ഉമറിനോടഭിപ്രായം ചോദിക്കാറുണ്ടായിരുന്നു. ഉമറിന്റെ അഭിപ്രായം ശരിവെച്ചുകൊണ്ട് പലപ്പോഴും ഖുർആൻ അവതരിക്കപ്പെട്ടു. ഒരുദാഹരണം , കപടനായ അബ്ദുല്ലാഹിബ്നു ഉബയ്യ് എന്ന വ്യക്തി മരണമടഞ്ഞപ്പോൾ മുഹമ്മദ് നബി അയാൾക്കു വേണ്ടി പ്രാർത്ഥിച്ചു. ശവസംസ്കാരചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു. എന്നാൽ ഉമർ ഇതിന് എതിരായിരുന്നു. താമസിയാതെ ഉമറിന്റെ അഭിപ്രായം ശരിവെച്ചുകൊണ്ട് ഖുർആൻ അവതരിക്കപ്പെട്ടു. അവരിൽ നിന്ന് (കപടന്മാരിൽ നിന്ന്) ആർ തന്നെ മരിച്ചാലും അവനു വേണ്ടി നീ ഒരിക്കലും പ്രാർത്ഥിക്കരുത്. അവന്റെ ഖബറിന്നരികിൽ ചെന്നു നിൽക്കുകയും ചെയ്യരുത്. "ഉമറിന്റെ നാവിലും ഹൃദയത്തിലും അല്ലാഹു സത്യത്തെ കുടിയിരുത്തിയിട്ടുണ്ട്" എന്ന നബിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ ഉന്നതമായ വ്യക്തിത്വത്തിന്റെ നിദർശനമാണ്.മറ്റൊരിക്കൽ മുഹമ്മദ് നബി അദ്ദേഹത്തെക്കുറിച്ച് പറഞ്ഞു: "ദൈവം ഉമറിന്റെ നാവിലൂടെയും മനസ്സിലൂടെയും സത്യം അനാവരണം ചെയ്യുന്നു, അദ്ദേഹം സത്യാസത്യ വിവേചകനാണ്(അൽ ഫാറൂഖ്).ദൈവം ഉമറിലൂടെ അത് പ്രകാശനം ചെയ്യുന്നു". നബിയുമായുള്ള നിരന്തരസഹവാസവും അറിവുനേടാൻ കാണിച്ച ജാഗ്രതയും ശുഷ്കാന്തിയും ബുദ്ധിവൈഭവവും കാരണം ഖുർആന്റെ ആഴവും അർഥവും നന്നായി ഉൾക്കൊള്ളാൻ അദ്ദേഹത്തിനു കഴിഞ്ഞു.

ഖലീഫ അബൂബക്കർ സിദ്ദീഖിനോടൊപ്പം:
മുഹമ്മദ് നബി മരണപ്പെടുമ്പോൾ തന്റെ പിൻഗാമിയെ നിശ്ചയിച്ചിരുന്നില്ല. ഖലീഫയായി അബൂബക്കറിന്റെ പേര് നിർദ്ദേശിച്ചത് ഉമറാണ്. അതോടൊപ്പം അബൂബക്കറിന് മറ്റ് പ്രവാചക അനുയായികളുടെ പിന്തുണ ഉറപ്പാക്കാനും ഉമർ മുൻകൈയെടുത്തു. യമാമ യുദ്ധത്തിൽ ഖുർആൻ മനപാഠമാക്കിയിരുന്ന വളരെയധികം സ്വഹാബികൾ മരണപ്പെട്ടതിനെത്തുടർന്ന് ഖുർആൻ ക്രോഡീകരിച്ച് സൂക്ഷിക്കാൻ ഉമർ ഖലീഫ അബൂബക്കറിനോട് ആവശ്യപ്പെടുകയും അതിനെത്തുടർന്ന് തുണികളിലും, എല്ലിൻ കഷണങ്ങളിലും, ഈന്തപ്പനയോലകളിലും മറ്റും സൂക്ഷിക്കപ്പെട്ടിരുന്ന ഖുർആൻ ഒന്നിച്ചുകൂട്ടി ഖലീഫയുടെ കൈവശം സൂക്ഷിക്കാൻ തുടങ്ങുകയും ചെയ്തു. ഖലീഫ ഉസ്മാന്റെ കാലത്ത് ഇതിൽ നിന്നാണ് കൂടുതൽ പകർപ്പുകൾ ഉണ്ടാക്കി മുസ്‌ലിം ലോകത്ത് വിതരണം ചെയ്യപ്പെട്ടത്.

ഖിലാഫത്ത്:
രോഗാതുരനായ ഖലീഫാ അബൂബക്കർ തന്റെ മരണത്തിനു മുൻപായി മറ്റൊരു ഖലീഫയെ തെരഞ്ഞെടുക്കാൻ സ്വഹാബികളോട് ആവശ്യപ്പെട്ടപ്പോൾ പുതിയ ഖലീഫയെ അബൂബക്കർ തന്നെ നിർദ്ദേശിക്കാനാണ് സ്വഹാബികൾ ആവശ്യപ്പെട്ടത്. അതിനെത്തുടർന്ന് ഖലീഫാ അബൂബക്കർ പ്രമുഖ സ്വഹാബികളോട് കൂടിയാലോചിച്ച ശേഷമാണ് ഉമറിനോട് ഖലീഫയായി ചുമതലയേൽക്കാൻ നിർദ്ദേശിക്കുന്നത്. ആദ്യം പദവി ഏറ്റെടുക്കാൻ വിസമ്മതിച്ച ഉമർ ഖലീഫ അബൂബക്കർ സിദ്ദീഖിന്റെ നിർബന്ധത്തെത്തുടർന്ന് ആ സ്ഥാനം ഏറ്റെടുത്തു. പദവിയേറ്റെടുത്തതിനു ശേഷം ഖലീഫാ ഉമർ നടത്തിയ രണ്ടു പ്രസംഗങ്ങളിൽ ഒന്ന്‌ അദ്ദേഹത്തിന്റെ കുടുംബക്കാരോടാണ്‌. ആ പ്രസംഗം ഇങ്ങിനെയായിരുന്നു.
“എന്റെ പ്രിയപ്പെട്ട കുടുംബമേ, ഇന്നാലിന്നവരുടെ സന്തതികളേ. നിങ്ങൾ ഉമറിന്റെ ബന്ധുക്കളാണ്‌. അതു കൊണ്ട്‌ നിങ്ങളിലാരെങ്കിലും ഒരു തെറ്റു ചെയ്താൽ ഞാൻ നിങ്ങളെ ഇരട്ടിയായി ശിക്ഷിക്കും. കാരണം, ജനങ്ങൾ മാംസക്കടയിൽ തൂക്കിയിട്ടിരിക്കുന്ന മാംസത്തിലേക്ക്‌ നായ്ക്കൾ നോക്കുന്നതു പോലെ ആർത്തിയോടെ നിങ്ങളെ നോക്കിക്കൊണ്ടിരിക്കും. നിങ്ങളിലാരെങ്കിലുമൊരു തെറ്റു ചെയ്താൽ അതിന്റെ മറവിൽ തങ്ങൾക്ക്‌ ആ തെറ്റു ചെയ്യാമല്ലോ എന്നോർത്ത്‌. അതിനാൽ നിങ്ങൾ നിങ്ങളെ സൂക്ഷിച്ചു കൊള്ളുക. നിശ്ചയം ഉമർ അല്ലാഹുവിനെ ഭയക്കുന്നു. സത്യത്തിന്റെയും ധർമ്മത്തിന്റെയും മാർഗത്തിലല്ലാതെ നിങ്ങൾക്ക്‌ ഉമറിനെ കണ്ടെത്താനാവില്ല. ”

രാഷ്ട്രവികസനം:
ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ നാമനിർദ്ദേശപ്രകാരം ഉമർ ബിൻ ഖത്താബ് രണ്ടാം ഖലീഫയായി. ഉമറിന്റെ ഭരണകാലം വിജയങ്ങളുടെ കാലമായിരുന്നു. ഇറാൻ, ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയവ മുസ്‌ലിം ഭരണത്തിൻ കീഴിലായി. പിന്നീട് സസാനിയൻ പേർഷ്യാ സാമ്രാജ്യവും പൗരസ്ത്യ റോമാസാമ്രാജ്യവും അധഃപതിച്ചു.

ഉമർ പത്തരവർഷം ഖലീഫയായി ഭരണം നടത്തി. ചുരുങ്ങിയ കാലയളവിനുള്ളിൽ വിസ്തൃതിയിലും ശക്തിയിലും ആഭ്യന്തരഭദ്രതയിലും അന്നുവരെ ലോകം കണ്ട ഏറ്റവും വലിയ ഭരണകൂടം അദ്ദേഹം കെട്ടിപ്പടുത്തു. ഭരണസംവിധാനം, പ്രജാക്ഷേമം, നീതിനിർവഹണം, രാജ്യവിസതൃതി ഇവയിലെല്ലാം ശ്രദ്ധനൽകി ഖുർആന്റെ വിധിവിലക്കുകളിൽ ഊന്നിയ ഉമറിന്റെ ഭരണം പിൽക്കാല ഭരണതന്ത്രജ്ഞരും ചിന്തകരും മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. കൊട്ടാരമോ അംഗരക്ഷകരോ ഇല്ലാതെ ലളിത ജീവിതം നയിച്ചു സ്വയം മാതൃക കാണിച്ച ഖലീഫാ ഉമറിന് സ്വന്തമായി ഒരു നല്ല വീടുപോലും ഇല്ലായിരുന്നു. പലപ്പോഴും കീറിയ വസ്ത്രം തുന്നിച്ചേർത്തായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്.
ഉമറിന്റെ ഭരണ പ്രദേശങ്ങൾ 644

പാലസ്തീൻ, സിറിയ:
പാലസ്തീൻ, സിറിയ, ജോർദാൻ, ലബനാൻ എന്നീ പ്രദേശങ്ങൾ അക്കാലത്ത് ശാം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്തെ പ്രധാന കോട്ട സ്ഥിതിചെയ്തിരുന്ന സ്ഥലമാണ് യർമൂഖ്. ഖലീഫ അബൂബക്കർ സിദ്ദീഖ് മരണപ്പെടുന്ന സമയം യർമൂഖിൽ ഖാലിദ്ബ്നു വലീദിന്റെ നേതൃത്വത്തിൽ റോമൻ സൈന്യവുമായി നിർണായക യുദ്ധം നടക്കുകയായിരുന്നു. മുസ്‌ലിം സൈന്യത്തിന്റെ വിജയവാർത്ത അറിഞ്ഞശേഷമായിരുന്നു ഖലീഫയുടെ അന്ത്യം. ആത്മവീര്യം നഷ്ടപ്പെടാതെ ശത്രുക്കളെ തുരത്തുവാൻ ഖലീഫയായി ചുമതലയേറ്റ ഉടനെ ഉമർ സൈന്യത്തിന് നിർദേശം നൽകി. യർമൂഖ് വിജയത്തെത്തുടർന്ന് റോമാ ചക്രവർത്തി ഹിർഖൽ കോൺസ്റ്റാന്റിനോപ്പിളിലേക്ക് പലായനം ചെയ്തു. മുസ്‌ലിം സൈന്യം ശാമിലേക്ക് (സിറിയ) പടയോട്ടം ആരംഭിച്ചു. അബൂഉബൈദയായിരുന്നു സൈന്യാധിപൻ. ചരിത്രപസിദ്ധമായ ബൈതുൽ മഖ്ദിസ് മുസ്‌ലിം ആധിപത്യത്തിലായത് ഇതിനെത്തുടർന്നായിരുന്നു. ക്രൈസ്തവർ സൈനികമായി പരാജയപ്പെട്ടെങ്കിലും ഖലീഫ നേരിട്ടുവന്നാൽ മാത്രമേ ബൈതുൽ മഖ്ദിസ് വിട്ടുതരികയുള്ളൂ എന്ന് ശഠിച്ചു. ക്രിസ്ത്യാനികൾ മുന്നോട്ടുവെച്ച നിർദേശം രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ വേണ്ടി മുസ്‌ലിംകൾ അംഗീകരിച്ചു. ഖലീഫ മദീനയിൽ നിന്ന് യാത്രചെയ്ത് ബൈതുൽമഖ്ദിസിലെത്തി. സാധാരണക്കാരന്റെ വേഷത്തിലെത്തിയ ഖലീഫ മോടിയുള്ള വസ്ത്രം ധരിക്കണമെന്ന് മുസ്‌ലിംകളിൽ ചിലർ താൽപര്യപ്പെട്ടു. പക്ഷേ, ഉമറിന്റെ മറുപടി ഇപ്രകാരമായിരുന്നു: 'വസ്ത്രത്തിലല്ല, ഇസ്‌ലാമിലാണ് നമ്മുടെ പ്രതാപം.' ഖലീഫ ബൈതുൽമഖ്ദിസിൽ പ്രവേശിച്ചു. പാത്രിയാർക്കീസ് സ്വഫർനിയൂസും മറ്റ് ക്രിസ്ത്യൻ നേതാക്കളുമായി സംസാരിച്ചു. ഖുദ്സ് നിവാസികൾക്ക് സ്വന്തം കൈപ്പടയിൽ തന്നെ അദ്ദേഹം സംരക്ഷണപത്രം എഴുതിക്കൊടുത്തു. അങ്ങനെ സിറിയയും ഫലസ്തീനും സമീപ പ്രദേശങ്ങളും ഇസ്‌ലാമിന് അധീനമായി. എ.ഡി.638-ലായിരുന്നു ഇത്.

ഈജിപ്ത്:
ഫലസ്തീൻ വിജയത്തിനുശേഷം അംറുബ്നുൽ ആസ് സൈന്യത്തെ ഈജിപ്തിലേക്കു നയിച്ചു. അംറുബ്നുൽ ആസ് ഈജിപ്തിന്റെ കവാടം എന്നറിയപ്പെടുന്ന ഫർമാപട്ടണം കീഴടക്കി. തുടർന്ന് നിരന്തരയുദ്ധം നടന്നു. മൂന്ന് വർഷം കൊണ്ട് ഈജിപ്ത് പൂർണമായും ഇസ്‌ലാമികഭരണത്തിനു കീഴിലായി. നൈൽ നദീതീരത്ത് ഫുസ്ത്വാത് എന്ന പേരിൽ ഒരു പുതിയ നഗരവും മുസ്‌ലിംകൾ പടുത്തുയർത്തി.

പേർഷ്യ:
ഇന്നത്തെ ഇറാനും ഇറാഖും ഉൾപ്പെട്ടതായിരുന്നു അന്ന് പേർഷ്യ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. പേർഷ്യയും അറേബ്യൻ ഉപദ്വീപിന്റെ ചില ഭാഗങ്ങളും അന്ന് സസാനിയൻ പേർഷ്യൻ സാമ്രാജ്യത്തിന്റെ ആധിപത്യത്തിലായിരുന്നു.
ചരിത്രപ്രസിദ്ധമായ ഖാദിസിയ്യാ യുദ്ധത്തോടുകൂടിയാണ് പേർഷ്യൻ സാമ്രാജ്യം അറബികളുടെ അധീനതയിലായത് . ഇറാഖിൽ ടൈഗ്രീസ് നദിക്കക്കരെ ഖാദിസിയ്യ എന്ന സമതല പ്രദേശത്തുവെച്ച് ഹിജ്റ 15 നും 16 നും (ക്രിസ്തുവർഷം 636) ഇടയ്ക്ക് നടന്ന യുദ്ധത്തിൽ സഅ്ദ് ബ്നു അബീവഖാസ് ആയിരുന്നു മുസ്ലിം സൈന്യത്തിന്റെ അധിപൻ . പേർഷ്യൻ സൈന്യത്തിന്റെ നേതൃത്വം പ്രസിദ്ധയോദ്ധാവായ റുസ്തം ഫറൂഖ്സാദിനായിരുന്നു. മുസ്ലിംകളുടെ ഭാഗത്ത് മുപ്പതിനായിരത്തോളം സൈനികർ ഉണ്ടായിരുന്നു. അതിന്റെ ഇരട്ടിയിലധികമായിരുന്നു പേർഷ്യൻ സൈന്യം. ഖാദിസിയ്യാ യുദ്ധവിജയത്തെ തുടർന്ന് പേർഷ്യൻ തലസ്ഥാനമായ മദാഇൻ ഇസ്ലാമിന് കീഴടങ്ങി.

പേർഷ്യൻ ചക്രവർത്തി യസ്ദർജിർദ് മൂന്നാമൻ ഇസ്ലാമിക രാഷ്ട്രത്തിനെതിരായി ഒരു യുദ്ധത്തിന് ശ്രമം നടത്തി. ഇറാഖിന്റെയും ഇറാന്റെയും അതിർത്തിയിലുള്ള നഹാവന്ത് എന്ന സ്ഥലത്തുവെച്ച് നുഅ്മാനുബ്നു മുഖ്‌രിൻറെ നേതൃത്വത്തിൽ മുസ്ലിം സൈന്യം പേർഷ്യൻ സൈന്യത്തെ നിശ്ശേഷം പരാജയപ്പെടുത്തി. ഫത്ഹുൽ ഫുതൂഹ് (വിജയങ്ങളുടെ വിജയം) എന്ന പേരിൽ ഈ യുദ്ധം പ്രസിദ്ധമായി. യുദ്ധം വിജയിച്ചെങ്കിലും സേനാ നായകനായ നുഅ്മാനുബ്നു മുഖ്‌രിൻ ഈ യുദ്ധത്തിൽ മരണമടഞ്ഞു. തുടർന്ന് ഇറാന്റെ എല്ലാ പ്രദേശങ്ങളിലേക്കും മുസ്ലിംകൾ മുന്നേറി. ഖുറാസാൻ മുസ്ലീങ്ങളുടെ സേനക്ക് കീഴിലായി. യസ്ദർജിർദ് മൂന്നാമൻ നാടുവിട്ടു.

ഭരണ പരിഷ്കാരങ്ങൾ:
  1. രാജ്യത്തെ പല പ്രവിശ്യകളായി തിരിച്ചു. മക്ക, മദീന, ജസീറ, ബസ്വറ, കൂഫ, ഈജിപ്ത്, ഫലസ്തീൻ തുടങ്ങിയവയൊക്കെ പ്രവിശ്യകളായിരുന്നു.
  2. പ്രവിശ്യകളുടെ മേൽനോട്ടത്തിന് ഗവർണർമാരെയും ന്യായാധിപന്മാരെയും നിയമിച്ചു. സൈനിക നേതൃത്വവും മതനേതൃത്വവും ഗവർണറിൽ നിക്ഷിപ്തമായിരുന്നു.
  3. കോടതികളെ ഭരണകൂടത്തിൽ നിന്നും സ്വതന്ത്രമാക്കി.
  4. പ്രവിശ്യകളെ ജില്ലകളായി തിരിച്ചു. പ്രവിശ്യാഗവർണർ വലിയ്യ്, അമീർ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. ജില്ലാ ഭരണമേധാവി ആമിൽ എന്നാണ് അറിയപ്പെട്ടിരുന്നത്.
  5. പട്ടാളക്കാരുടെ നിയമം, ശമ്പളത്തുക, പെൻഷൻ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിന് ഒരു പട്ടാളവകുപ്പിന് രൂപം നൽകി.
  6. കേന്ദ്രത്തിലും പ്രവിശ്യകളിലും പൊതുഖജനാവ് സമ്പ്രദായം (ധനകാര്യവകുപ്പ്) സ്ഥാപിച്ചു.
  7. സകാതിനത്തിലും മറ്റും ശേഖരിക്കുന്ന ധനം ജനങ്ങളുടെ ആവശ്യത്തിന് വിനിയോഗിച്ചു.
  8. കുറ്റവാളികളെ പിടികൂടുക, ജനങ്ങളുടെ പരാതികൾ അന്വേഷിച്ചറിയുക, യാത്രാസംഘങ്ങൾക്കു സംരക്ഷണം നൽകുക തുടങ്ങിയ കാര്യങ്ങൾക്ക് മേൽനോട്ടം നൽകുന്നതിനായി പോലീസ് വകുപ്പ് ഏർപ്പെടുത്തി.ജയിലുകൾ സ്ഥാപിച്ചു
  9. നാണ്യ വ്യവസ്ഥ പരിഷ്കരിച്ചു. നിലവിലുണ്ടായിരുന്ന പേർഷ്യൻ നാണയങ്ങൾക്ക് പകരം ഇസ്ലാമിക നാണയങ്ങൾ പ്രാബല്യത്തിൽ വരുത്തി.
  10. അടിമത്തം ഇല്ലാതാക്കാൻ തീവ്രശ്രമം നടത്തി. നബിയുടെ വചനങ്ങളും മാതൃകകളും പ്രയോഗവത്കരിച്ചു
  11. രാജ്യത്ത് വ്യവസ്ഥാപിതമായി തപാൽ സമ്പ്രദായം ഏർപ്പെടുത്തി.
  12. നികുതി നിർണയിക്കാനായി കൃഷിഭൂമിയുടെ കണക്കെടുത്തു.
  13. അളവിലും തൂക്കത്തിലും കൃത്രിമത്വം തടയാനും അങ്ങാടിനിലവാരം പരിശോധിക്കാനും സംവിധാനങ്ങളുണ്ടാക്കി.
  14. പ്രവിശ്യകളിലെ ജനങ്ങളുടെ കണക്കെടുത്തു.(സെൻസസ്‌)
  15. ഇമാം, മുഅദ്ദിൻ എന്നിവർക്ക് ശമ്പളം നിശ്ചയിച്ചു.
  16. വിദ്യാലയങ്ങൾ സ്ഥാപിച്ചു. അധ്യാപകർക്ക് പൊതുഖജനാവിൽനിന്ന് ശമ്പളം നൽകി.
  17. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡുകൾ നിർമിച്ച് ഗതാഗത സൌകര്യങ്ങൾ മെച്ചപ്പെടുത്തി.
  18. ബസറ, കൂഫ, ഫുസ്ത്വാത് തുടങ്ങിയ നഗരങ്ങൾ പണിതുയർത്തി.
  19. ഹിജ്റ അടിസ്ഥാനമാക്കി ഒരു പുതിയ കലണ്ടർ നടപ്പിൽ വരുത്തി. ഹിജ്റ പതിനാറാം വർഷമാണ് ഈ കലണ്ടർ ആരംഭിച്ചത്.
  20. കൃഷിയും ജലസേചന സൌകര്യങ്ങളും മെച്ചപ്പെടുത്തി. നിരവധി കനാലുകൾ നിർമിച്ചു. പൊതുകിണറുകളും അഥിതി മന്ദിരങ്ങളും നാടിന്റെ നാനാഭാഗങ്ങളിലും നിർമിച്ചു.
  21. ജനങ്ങൾക്ക് പെൻഷൻസമ്പ്രദായം ഏർപ്പെടുത്തി.
  22. ഖലീഫക്ക് അമീറുൽ മുഅ്മിനീൻ എന്ന സ്ഥാനപ്പേര് ഉപയോഗിച്ചു. തുടർന്നു വന്ന ഖലീഫമാരും ഈ പേര് നിലനിർത്തി. മക്കയിലെ മസ്ജിദുൽ ഹറാമും മദീനയിലെ മസ്ജിദുന്നബവിയും വിശാലമാക്കി.
മരണം:
ഒരു ദിവസം ഉമർ മസ്ജിദുന്നബവിയിൽ പ്രഭാത പ്രാർത്ഥനക്ക് നേതൃത്വം നൽകുമ്പോൾ, മുൻനിരയിൽ നിലയുറപ്പിച്ച പേർഷ്യക്കാരനായ ഫൈറൂസ് അബൂ ലുഅ് ലുഅത്ത് മജൂസി, ഉമറിനെ പെട്ടെന്ന് കഠാരകൊണ്ട് കുത്തി. പേർഷ്യൻ പടനായകനായിരുന്ന ഹുർമുസാനും ഹീറയിലെ ക്രിസ്ത്യൻ നേതാവായ ജുഫൈനയും ജൂതപുരോഹിതനായ കഅ്ബുൽ അഹ്ബാറും ചേർന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു കൊലയാളിയായ ഫൈറൂസിനെ ഈ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. പ്രവാചകൻ മുഹമ്മദിന്റേയും ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖിന്റേയും ഖബ്റുകൾക്ക് സമീപം മദീനയിൽ അദ്ദേഹത്തിന്റെ മൃതദേഹം മറവ് ചെയ്തു.

ഖലീഫ ഉമറിനെ കുറിച്ച്:
“     ഈന്ത മരങ്ങൾ ഇടതിങ്ങിയ
ശീതള ശാദ്വലങ്ങളിൽ
സുഖിക്കും; ഹേ; മക്കാ ദേശമേ
എന്തുകൊണ്ട് നീയൊരു ഉമർ
ഫാറൂഖിനെ ഉയർത്തുന്നില്ല വീണ്ടും    ”
                                                  —അല്ലാമാഇഖ്ബാൽ (ജവീദ്നാമ)

ഖലീഫ ഉമറിന്റെ മൊഴികൾ:
  • യൂഫ്രട്ടീസ് നദീതീരത്ത് ഒരു നായ പട്ടിണികിടന്നു ചത്താലും ഉമർ അതിന് അള്ളാഹുവിനോട് സമാധാനം പറയേണ്ടി വരും.
  • എന്റെ ന്യൂനതകൾ ചൂണ്ടിക്കാണിച്ച്‌ തരുന്നവരാണ്‌ എനിക്കേറ്റവും പ്രിയപ്പെട്ടവർ. എന്റെ പോരായ്‌മകൾ ശ്രദ്ധയിൽ പെടുത്തുന്നവരെ അല്ലാഹു അനുഗ്രഹിക്കട്ടെ.
  • നേതാവല്ലാത്തപ്പോൾ ജനങ്ങളുടെ നേതാവിനെപ്പോലെയും നേതാവായാൽ അനുയായിയെപ്പോലെയും പ്രവർത്തിക്കുന്നവരെയാണ്‌ നമുക്കാവശ്യം.
  • അഹങ്കാരം മനുഷ്യനെ അധമനാക്കും. ഞാൻ വഞ്ചകനല്ല. വഞ്ചിക്കപ്പെടുകയുമില്ല.
  • നാഥാ നിന്നിൽ ഞാൻ അഭയം തേടുന്നു. നീ നല്‌കിയതിൽ നീയെന്നെ വഞ്ചിതനാക്കരുതേ.
  • ഐഹിക ജീവിതത്തെ മഹത്തരമായി തോന്നാത്തിടത്തോളം കാലമേ മനുഷ്യർ അല്ലാഹുവിലേക്ക്‌ അടുക്കൂ.
  • ഇസ്‌ലാമിന്റെ നിയമം എല്ലാവർക്കും തുല്യമാണ്‌. ആർക്കെങ്കിലും വേണ്ടി ഉമർ അത്‌ മാറ്റുകയില്ല.
  • നിങ്ങളുടെ ഏതെങ്കിലുമൊരു സഹോദരൻ തെറ്റുചെയ്യുന്നതായി അറിഞ്ഞാൽ അയാളെ നേർവഴിലാക്കുകയും അയാൾക്കു വേണ്ടി അയാൾക്കുവേണ്ടി അല്ലാഹുവിനോട്‌ പ്രാർഥിക്കുകയും ചെയ്യുക.
  • ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ഞാനും അനുഭവിക്കാതെ എനിക്കെങ്ങനെ അവരുടെ സ്ഥിതി മനസ്സിലാകും?
  • സാധാരണക്കാർക്ക്‌ ലഭിക്കാത്ത ഭക്ഷണം ഖലീഫയായ എനിക്കു വേണ്ട.
  • ഒരാളുടെ നമസ്‌കാരത്തിലേക്കും നോമ്പിലേക്കുമല്ല നിങ്ങൾ നോക്കേണ്ടത്‌. മറിച്ച്‌ സംസാരത്തിൽ സത്യസന്ധത പാലിക്കുന്നുണ്ടോ എന്നും വിശ്വസിച്ചേല്‌പിച്ചവ പൂർത്തിയാക്കുന്നുണ്ടോ എന്നും പാപം പ്രവർത്തിക്കാൻ തോന്നിയാൽ സൂക്ഷ്‌മത പുലർത്തുന്നുണ്ടോ എന്നുമാണ്‌.
  • ഐഹിക ജീവിതവും അതിന്റെ വർണപ്പൊലിമയും നമ്മെ വഞ്ചിതരാക്കരുത്‌.
  • നാഥാ! ശത്രുക്കളുടെ പാദങ്ങളെ നീ തളർത്തേണമേ. അവരുടെ മനസ്സുകളെ വിറപ്പിക്കേണമേ. ഞങ്ങൾക്ക്‌ സമാധാനം നല്‌കേണമേ. ഞങ്ങളിൽ ഭക്തി വർധിപ്പിക്കേണമേ. സമരം ഞങ്ങൾക്ക്‌ പ്രിയങ്കരമാക്കേണമേ. രക്തസാക്ഷിത്വം ഞങ്ങളുടെ അന്ത്യാഭിലാഷമാക്കേണമേ.
  • താങ്കളൊരു നേതാവാണെങ്കിൽ പക്ഷഭേദം കാണിക്കുമെന്ന്‌ താങ്കളെക്കുറിച്ച്‌ പ്രമാണികൾ വിചാരിക്കാതിരിക്കട്ടെ. താങ്കളുടെ നീതിനിഷ്‌ഠയെക്കുറിച്ച്‌ ഒരു ദുർബലനും നിരാശനാവാതിരിക്കുകയും ചെയ്യട്ടെ.
  • ഒരാളുടെ അഭിപ്രായം ഒറ്റയിഴ മാത്രമുള്ള നൂലാണ്‌. രണ്ടാളുകളുടേത്‌ പിരിച്ച നൂലാണ്‌. രണ്ടിൽ കൂടുതൽ പേരുടേത്‌ പൊട്ടാത്ത കയറാണ്‌.
  • യൂഫ്രട്ടീസിന്റെ തീരത്ത്‌ ഒരു ആട്ടിൻകുട്ടി വിശന്നു ചത്താൽ ഞാനതിന്റെ പേരിൽ പരലോകത്ത്‌ ഉത്തരം പറയേണ്ടി വരും.
  • അടുത്ത വർഷം ഞാൻ ജീവിച്ചിരുന്നാൽ, കൊല്ലം മുഴുവൻ ജനങ്ങൾക്കിടയിൽ സഞ്ചരിച്ച്‌ അവരുടെ പ്രശ്‌നങ്ങൾ പഠിക്കും. എത്ര നല്ല നാളുകളായിരിക്കും അത്‌!
  • മുസ്‌ലിംകളുടെ നേതാക്കൾ അവരുടെ അടിമകളെപ്പോലെയാവണം. അടിമ യജമാനന്റെ സ്വത്ത്‌ സംരക്ഷിക്കും പോലെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കണം.
  • എന്റെ പകൽ ജനങ്ങൾക്കുവേണ്ടിയാണ്‌. എന്റെ രാത്രി അല്ലാഹുവിനുള്ളതാണ്‌.
  • പണം അധികം സമ്പാദിക്കരുത്‌. ഇന്നത്തെ ജോലി നാളേക്ക്‌ നീട്ടരുത്‌.
  • ഉമറിനെയും ഒരു സാധാരണ മുസ്‌ലിമിനെയും സമമായി കാണാനാകാത്തിടത്തോളം കാലം ഞാൻ ഭരണാധികാരിയാവുകയില്ല.
  • സദുദ്ദേശ്യത്തോടെയും ആത്മാർഥതയോടെയും പ്രവർത്തിക്കുന്നവരിലുള്ള വീഴ്‌ചകൾ അല്ലാഹു പൊറുത്തുതരും.
  • കുട്ടികളെ നീന്തലും കായികാഭ്യാസങ്ങളും നല്ല കവിതകളും പഠിപ്പിക്കണം.
  • ദൈവ ഭക്തിയാണ്‌ ശത്രുവിനെ തോല്‌പിക്കാനുള്ള ഏറ്റവും നല്ല ആയുധം. കൂടെയുള്ളവരുടെ പാപങ്ങളാണ്‌ ശത്രുവിന്റെ ആയുധത്തേക്കാൾ പേടിക്കേണ്ടത്‌.
  • പാപം പ്രവർത്തിക്കാൻ ആഗ്രഹമുണ്ടായിട്ടും അതിൽ നിന്നൊഴിഞ്ഞു നില്‌ക്കുന്നവരുടെ ഹൃദയത്തിലാണ്‌ അല്ലാഹു ഭക്തി നിക്ഷേപിക്കുക.
  • സ്വന്തം ദൗർബല്യങ്ങളെക്കുറിച്ച്‌ പരാതി പറയുന്നവനാണ്‌ ഏറ്റവും വലിയ പ്രതിഭാശാലി.
  • ചിന്തയിലും സംസാരത്തിലും പ്രവൃത്തിയിലും അല്ലാഹുവിനെ സൂക്ഷിക്കുക.
  • നമ്മുടെ ആരുടെയെങ്കിലും അടുക്കൽ പണമുള്ള കാലത്തോളം പണമില്ലാത്തവരുടെ ആവശ്യം പൂർത്തീകരിക്കാതെ കിടക്കരുത്‌.
  • ഒരിക്കൽ, ഒരു ഗർഭിണി വെള്ളപ്പാത്രവുമായി കിണറ്റിൻ കരയിലേക്ക്‌ പോകുന്നതു കണ്ട ഉമർ, അവളിൽ നിന്ന്‌ കുടം വാങ്ങി വെള്ളം കോരിനിറച്ച്‌ വീട്ടിലെത്തിച്ചു. അന്നദ്ദേഹം അന്നാട്ടിലെ ഭരണാധികാരിയായിരുന്നു.
  • നാഥാ, ഞാൻ ദുസ്സ്വഭാവിയായാൽ എന്നെ നീ സൗമ്യനാക്കേണമേ. ഞാൻ ദുർബലനായാൽ ശക്തനാക്കേണമേ.
  • കുട്ടികളെ പാലൂട്ടുന്ന ഉമ്മമാർ മക്കളെ വലിച്ചെറിയുകയും ഗർഭിണികളെല്ലാം ഭയം കാരണം പ്രസവിച്ചുപോവുകയും ചെയ്യുന്ന ഭയങ്കര ദിവസത്തെ ഞാൻ ഭയക്കുന്നു.
  • കൊച്ചു കുട്ടികളെ കണ്ടാൽ ഉമർ പറയും: ``മോനെ എനിക്കു വേണ്ടി നീ പ്രാർഥിക്കണം. ഒരു കുറ്റവും ചെയ്യാത്ത കുട്ടിയാണല്ലോ നീ.