Allama Muhammad Iqbal: അല്ലാമ മുഹമ്മദ് ഇഖ്ബാൽ - സാരെ ജഹാൻ സെ അച്ഛാ

ബ്രിട്ടീഷ് ഇന്ത്യയിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഉർദു-പേർഷ്യൻ കവിയും ഇസ്ലാമികചിന്തകനും രാഷ്ട്രീയനേതാവുമായിരുന്നു അല്ലാമ മുഹമ്മദ് ഇഖ്ബാൽ (ഉർദു: محمد اقبال) (1877 നവംബർ 9 - 1938 ഏപ്രിൽ 21). പാകിസ്താൻ രൂപീകരണം എന്ന ആശയത്തിന്റെ പിന്നിലെ പ്രധാനികളിലൊരാളുമാണ്. ഇദ്ദേഹം ഉർദുവിൽ രചിച്ച "സാരെ ജഹാൻ സെ അച്ഛാ" ഇന്ത്യയിൽ ഇന്നും പ്രശസ്തമായ ഒരു ദേശഭക്തിഗാനമാണ്.

ജനനം:
1877 നവംബർ 9-ന് ഇന്നത്തെ പാകിസ്താനിലെ സിയാൽകോട്ടിൽ ജനനം. നാഥു എന്നറിയപ്പെട്ടിരുന്ന ശൈഖ് നൂർ മുഹമ്മദാണ് പിതാവ്. മാതാവ് ഇമാം ബീബി. നൂർ മുഹമ്മദ് മതഭക്തനും കുലീനനും ബുദ്ധിമാനുമായിരുന്നു. ഔപചാരിക വിദ്യാഭ്യാസമൊന്നും നേടിയിട്ടില്ലാത്ത അദ്ദേഹം 'ഖാദിരിയ്യ ത്വരീഖത്തിലെ' (ഒരു സൂഫി മഠം) ശൈഖ് (പണ്ഡിതശ്രേഷ്ടൻ) ആയിരുന്നു.നിരക്ഷരനായ തത്ത്വജ്ഞാനി എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. മാതാവും മതഭക്തയായിരുന്നു. രണ്ട് ആൺ മക്കളും നാല് പെൺ മക്കളുമായിരുന്നു ശൈഖ് നൂർ മുഹമ്മദിനും ഇമാം ബീബിക്കുമുണ്ടായിരുന്നത്.

വിദ്യാഭ്യാസം:
സൂഫി ഗൃഹാന്തരീക്ഷം പകർന്നേകിയ ശിക്ഷണം തന്നെയയിരുന്നു ഇക്ബാലിന്റെ വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം. പിന്നീട് ഗുലാം ഹസന്റെ മദ്രസയിൽ ഖുർ ആൻ പഠനത്തിന് ചേർന്നു. തുടർന്ന് സയ്യിദ് മീർ ഹസൻ ശായുടെ മക്തബിൽ അറബി, പേർഷ്യൻ ഭാഷകളുടെ പ്രാഥമിക പഠനമാരംഭിച്ചു. മക്തബിലെ മൂന്ന് വർഷത്തെ പഠനത്തിന് ശേഷം ഇക്ബാൽ സ്കോച് മിഷന്റെ സ്കൂളിൽ പ്രവേശിച്ചു. 1893-ൽ മെഡൽ നേടി ഹൈസ്കൂൾ പാസ്സായി. തുടർന്ന് ലാഹോറിലെ ഗവണ്മെന്റ് കോളേജിൽ ബി.എ ക്ക് ചേർന്നു. ബി.എ ക്ക് ശേഷം അവിടെനിന്നുതന്നെ 1899-ൽ എം.എ. ഫിലോസഫി നേടി. തുടർന്ന് ലാഹോറിലെ ഓറിയന്റൽ കോളേജിൽ അറബി റീഡറായി അദ്ധ്യാപനം ആരംഭിച്ചു. 1901ൽ ലാഹോറിലെ ഗവണ്മെന്റ് കോളേജിൽ താൽക്കാലികമായി ഇംഗ്ലിഷ് അദ്ധ്യാപകനായി. 1905ൽ ലണ്ടനിൽ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ ചേർന്നു. ജർമനിയിലെ മ്യൂണിച്ച് യൂണിവേഴ്സിറ്റിയിൽ നിന്നും 1907-ൽ പി.എച്ച്.ഡിയും നേടി.

കുടുംബജീവിതം:
പതിനാറാമത്തെ വയസ്സിൽ ഇക്ബാലിന്റെ ആദ്യവിവാഹം നടന്നു. ഖാൻ ബഹാദൂർ ഡോ. അത്താമുഹമ്മദ് ഖാന്റെ മകൾ കരീം ബീബി ആയിരുന്നു വധു. എന്നാൽ ഈ ദാമ്പത്യം തൃപ്തികരമായിരുന്നില്ല. അവരിൽ ഇക്ബാലിന് രണ്ട് മക്കളുണ്ടായിരുന്നു. ആഫ്ത്താബ് ഇക്ബാലും മിറാജ് ബീഗവും. മകൾ ഒൻപതാം വയസ്സിൽ മരണമടഞ്ഞു. 1910ൽ ഒരു കാശ്മീരി കുടുംബത്തിലെ സർദാർ ബീഗവൂമായി രണ്ടാം വിവാഹം നടന്നു. എന്നാൽ ഈ വിവാഹവും പരാജയമായിരുന്നു. 1913-ൽ മുക്ത്താർ ബീഗവുമായുള്ള വിവാഹം നടന്നു. എന്നാൽ ഇക്ബാൽ തന്റെ മറ്റു പത്നിമാരേയും വിളിച്ച് ഒരു വീട്ടിൽ താമസിച്ചു.

രചനകൾ:
  • ബാൽ-ഇ-ജിബ്രീൽ
  • അസ്രാർ - ഒ- റമൂസ്
  • പയഗാം - ഇ - മഷ്‌‌രിക്
  • സബൂർ - ഇ-അജം
  • ജാവേദ് നാമ
  • തജ്ദീദ് - ഇ- ഫിക്രിയാത് - ഇ-ഇസ്ലാം
  • ദീവാൻ - ഇ- മുഹമ്മദ് ഇക്ബാൽ
സാരെ ജഹാൻ സെ അച്ഛാ:
ചിരപ്രതിഷ്ഠ നേടിയ ദേശാഭിമാന കാവ്യമാണ് ഉർദു ഭാഷയിലെ സാരെ ജഹാൻ സെ അച്ഛാ. കവി മുഹമ്മദ് ഇക്‌ബാൽ കുട്ടികൾക്കുവേണ്ടിയാണ് ഉർദു കാവ്യലോകത്ത് പ്രബലമായ ഗസൽ ശൈലിയിൽ ഈ കാവ്യം എഴുതിയത്. ഇത്തെഹാദ് എന്ന ആഴ്ചപ്പതിപ്പിൽ 1904 ഓഗസ്റ്റ് 16 ന് ഇതു പ്രസിദ്ധീകരിച്ചു. അതിനടുത്ത വർഷം ലാഹോറിലെ ഗവൺമെൻറ് കോളജിൽ അദ്ദേഹം ഈ കാവ്യം ചൊല്ലുകയും ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരായ പ്രതിഷേധത്തിന്റെ ഗീതമായി ഇതു മാറുകയും ചെയ്തു. ഇന്നത്തെ ഇൻഡ്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവ ചേരുന്ന ഹിന്ദുസ്ഥാനെ അഭിസംബോധന ചെയ്യുന്ന ഈ ഗാനം ഈ ദേശത്തെ വാഴ്ത്തുകയും അതേസമയം ദീർഘകാലമായി അതനുഭവിക്കുന്ന കെടുതികളെപ്പറ്റി പരിഭവിക്കുകയും ചെയ്യുന്നു. തരാന-ഇ-ഹിന്ദി (ഉർദു: ترانۂ ہندی "ഹിന്ദുസ്ഥാനിലെ ജനങ്ങളുടെ ഗീതം") എന്ന പേരിലും അറിയപ്പെടുന്ന ഈ ഗീതം 1924-ൽ ബാങ്-ഇ-ദറ എന്ന ഉർദു പുസ്തകത്തിൽ പിന്നീട് പ്രസിദ്ധീകൃതമായി.

പശ്ചാത്തലം:
ഇക്‌ബാൽ അക്കാലത്ത് ഗവൺമെൻറ് കോളജിൽ അദ്ധ്യാപകനായിരുന്നു. വിദ്യാർത്ഥിയായിരുന്ന ലാലാ ഹർ ദയാൽ (ഗദ്ദർ പാർട്ടിയുടെ സ്ഥാപകനായ വിപ്ലവകാരി) ഒരു ചടങ്ങിൽ അദ്ധ്യക്ഷനാവാൻ അദ്ദേഹത്തെ ക്ഷണിച്ചു. എന്നാൽ പ്രസംഗം ചെയ്യുന്നതിനു പകരം ഇക്‌ബാൽ ചെയ്തത് സാരെ ജഹാൻ സെ അച്ഛാ പാടുകയായിരുന്നു. ഹിന്ദുസ്ഥാൻ എന്ന ദേശത്തോടുള്ള അഭിവാഞ്ഛയ്ക്കും മമതയ്ക്കും കാവ്യരൂപം നല്കുന്നതോടൊപ്പം ഈ ഗാനം സാംസ്കാരത്തെ സംബന്ധിക്കുന്ന ഓർമ്മകൾ വിഷാദകാവ്യത്തിന്റെ ഛായയിൽ ആവിഷ്കരിക്കുകയും ചെയ്തു. 1905-ൽ 27 വയസ്സുണ്ടായിരുന്ന ഇക്‌ബാൽ ജീവിത വീക്ഷണങ്ങളിൽ കാല്പനികമായ നിലപാടുകൾ പുലർത്തുന്ന കാലമായിരുന്നു അത്. ഇൻഡ്യൻ ഉപഭൂഖണ്ഡത്തിലെ ഭാവി സമൂഹം വൈവിധ്യം നിലനിറുത്തുന്നതും ഹിന്ദു-മുസ്ലീം സംസ്കാരങ്ങളുടെ ചേരുവയായും അദ്ദേഹം കരുതി. ആ വർഷം ഒടുക്കം അദ്ദേഹം യൂറോപ്പിലേക്കു യാത്ര ചെയ്തു. അവിടെ ചെലവിട്ട മൂന്നു വർഷം അദ്ദേഹത്തെ ഇസ്ലാമിക ചിന്തകനും ഭാവിയിലെ ഇസ്ലാമിക സമൂഹത്തിന്റെ ക്രാന്തദർശിയും ആക്കി മാറ്റി.

1910-ൽ തരാനാ-ഇ-മില്ലി (ഇസ്ലാം വിശ്വാസികളുടെ ഗാനം) എന്ന പേരിൽ കുട്ടികൾക്കുവേണ്ടി സാരെ ജഹാൻ സെ അച്ഛായുടെ അതേ വൃത്തത്തിലും ശീലിലും മറ്റൊരു ഗീതം രചിച്ചു. ഈ പുതിയ ഗാനം സാരെ ജഹാൻ സെ അച്ഛായിൽ ആവിഷ്കൃതമായ വീക്ഷണങ്ങളെ വലിയ അളവും നിരാകരിച്ചു. ഉദാഹരണത്തിന്, സാരെ ജഹാൻ സെ അച്ഛായിലെ ആറാമത്തെ ഈരടി ഇക്‌ബാ‌ലിന്റെ മതനിരപേക്ഷമായ ലൌകിക വീക്ഷണത്തിനു തെളിവായി പലപ്പോഴും ഉദ്ധരിക്കാറുണ്ട്.

mażhab nahīñ sikhātā āpas meñ bair rakhnā
hindī haiñ ham, vat̤an hai hindostāñ hamārā

അഥവാ

മതം നമ്മളെ പഠിപ്പിക്കുന്നത് പരസ്പര വൈരം പുലർത്താനല്ല
നമ്മൾ ഹിന്ദ്‌ദേശക്കാരാണ്, ഹിന്ദുസ്ഥാൻ നമ്മുടെ സ്വദേശമാണ്

ഇതിൽനിന്നു വിഭിന്നമായി തരാനാ-ഇ-മിലിയിലെ (1910) ആദ്യ ഈരടി ഇങ്ങനെയാണ്.

chīn-o-arab hamārā, hindostān hamārā
muslim hain ham, vatan hai sārā jahān hamārā

അഥവാ

മദ്ധ്യേഷ്യയും അറേബ്യയും നമ്മുടേത്, ഹിന്ദുസ്ഥാനും നമ്മുടേത്
നമ്മൾ മുസ്ലീംങ്ങൾ, ലോകം മുഴുവൻ നമ്മുടെ സ്വദേശം

ഇക്‌ബാലിന്റെ ലോകവീക്ഷണം മാറിക്കഴിഞ്ഞിരുന്നു; അത് സാർവ്വദേശീയവും ഇസ്ലാമികവും ആയിക്കഴിഞ്ഞിരുന്നു. "നമ്മുടെ സ്വദേശമായ ഇൻഡ്യ"യെപ്പറ്റി പാടുന്നതിനു പകരം പുതിയ ഗീതം "ലോകം മുഴുവൻ നമ്മുടെ സ്വദേശ"മാണെന്നു പ്രഖ്യാപിച്ചു. രണ്ടു ദശകങ്ങൾക്കുശേഷം 1930-ലെ അലഹബാദ് മുസ്ലിം ലീഗ് വാർഷിക സമ്മേളനത്തിൽ അദ്ധ്യക്ഷനായി സംസാരിച്ച അദ്ദേഹം ഇൻഡ്യൻ ഉപഭൂഖണ്ഡത്തിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ മുസ്ലീങ്ങൾക്കായി മറ്റൊരു രാഷ്ട്രം എന്ന ആശയം നിർദ്ദേശിച്ചു. പിന്നീട് പാകിസ്താന്റെ രൂപവത്കരണത്തിനു പ്രേരകമായ ആശയമായിരുന്നു ഇത്.

രചയിതാവ് ഈവിധം ഗാനത്തിന്റെ അടിസ്ഥാന സങ്കല്പനങ്ങളെ നിരാകരിച്ചെങ്കിലും സാരെ ജഹാൻ സെ അച്ഛാ ഇൻഡ്യയിൽ ഒരു നൂറ്റാണ്ടിലേറെക്കാലമായി ജനപ്രിയ ഗീതമായി തുടരുന്നു. മഹാത്മാഗാന്ധി 1930-കളിൽ യെർവാദാ ജയിലിൽ തടവിൽ കഴിയവേ ഈ ഗാനം നൂറിലേറെത്തവണ പാടിയതായി പറയപ്പെടുന്നു. 1950-ൽ സിത്താർ മാന്ത്രികനായ രവി ശങ്കർ‍ ഈ ഗാനത്തെ ചിട്ടപ്പെടുത്തുകയും ലതാ മങ്കേഷ്കർ ഇതു പാടുകയും ചെയ്തു. ഇതിലെ 1,3,4,6 എന്നീ ഈരടികൾ ഇൻഡ്യയിൽ അനൌദ്യോഗികമായ ദേശീയ ഗാനമായി മാറി. ഇൻഡ്യയിലെ കരസേനയുടെ ഔദ്യോഗിക മാർച്ച് ആയും ഈ ഗാനം അംഗീകരിക്കപ്പെട്ടു.

സാരെ ജഹാൻ സെ അച്ഛാ മലയാളത്തിൽ:
സാരേ ജഹാം സേ അച്ഛാ, ഹിന്ദോസ്താം ഹമാരാ ।
ഹം ബുൽബുലേം ഹേം ഇസ്കീ, യഹ് ഗുൽസിതാം ഹമാരാ।।

ഗുർബത് മേം ഹോ അഗർ ഹം, രഹ്താ ഹേ ദിൽ വതൻ മേം ।
സമഛോ വഹീം ഹമേം ഭീ, ദിൽ ഹോ ജഹാം ഹമാരാ।। സാരേ...

പർബത് വോ സബ്സേ ഊംചാ, ഹംസായാ ആസ്മാം കാ।
വോ സംതരീ ഹമാരാ, വോ പാസ്‌വാം ഹമാരാ।। സാരേ...

ഗോദീ മേം ഖേൽതീ ഹേം, ജിസ്കീ ഹസാരോം നദിയാം।
ഗുൽശൻ ഹേ ജിസ്കേ ദം സേ, രശ്ക്-എ-ജിനാം ഹമാരാ।।സാരേ....

ഐ ആബ്-ഏ-രൗംദ്-ഏ-ഗംഗാ! വോ ദിൻ ഹേ യാദ് തുഝ്കോ।
ഉത്‌രാ തേരേ കിനാരേ, ജബ് കാര്‌വാം ഹമാരാ।। സാരേ...

മസ്‌ഹബ് നഹീം സിഖാതാ, ആപസ് മേം ബൈർ രഖ്‌നാ।
ഹിന്ദീ ഹേം ഹം വതൻ ഹേം, ഹിന്ദോസ്താം ഹമാരാ।। സാരേ...

യൂനാൻ, മിസ്ര്‌‌, റോമാം, സബ് മിട് ഗയേ ജഹാം സേ।
അബ് തക് മഗർ ഹേം ബാകീ, നാം-ഓ-നിശാം ഹമാരാ ।।സാരേ...

കുഛ് ബാത് ഹേ കി ഹസ്തീ, മിട്നീ നഹീം ഹമാരീ ।
സിദയോം രഹാ ഹേ ദുശ്മൻ, ദൗർ-ഏ-ജഹാം ഹമാരാ।। സാരേ...

'ഇക്ബാൽ' കോയീ മർഹൂം, അപ്നാ നഹീം ജഹാം മേം।
മാലൂം ക്യാ കിസീ കോ, ദർ‌ദ്-ഏ-നിഹാം ഹമാരാ।। സാരേ...

മരണം:
1934ൽ ഇക്ബാൽ രോഗബാധിതതനായി 1938ൽ ഏപ്രിൽ 21നു കാലത്ത് 5 മണിക്ക് അദ്ദേഹം നിര്യാതനായി. ലാഹോറിലെ ബാദ്ശാഹി മസ്ജിദിനു സമീപം അദ്ദേഹത്തെ കബറടക്കി.
ലാഹോറിലെ ബാദ്ശാഹി മോസ്കിന്റെ കവാടത്തിൽ സ്ഥിതിചെയ്യുന്ന മുഹമ്മദ് ഇഖ്ബാലിന്റെ ശവകുടീരം





വെബ്സൈറ്റ്: allamaiqbal.com