Ibnu Haitham: ഇബ്നുഹൈത്തം - ആധുനിക ശാസ്ത്രീയരീതിയുടെ ഉപജ്ഞാതാവ്

വിവിധ ശാസ്ത്രശാഖകൾക്ക് സുപ്രധാന സംഭാവനകൾ നൽകിയ മുസ്‌ലിം ശാസ്ത്രജ്ഞനായിരുന്നു അബൂ അലി അൽഹസൻ ഇബ്നു അൽഹസൻ ഇബ്നുൽ ഹൈത്തം (965 ബസ്ര - 1039 കെയ്റോ). അൽഹസൻ, ഇബ്നു ഹൈത്തം എന്നീ പേരുകളിൽ അറിയപ്പെടുന്നു. ബസ്രയിൽ ജനിച്ചതിനാൽ അൽ ബസ്രി എന്ന പേരുമുണ്ട്. ടോളമി രണ്ടാമൻ, ഭൗതികശാസ്ത്രജ്ഞൻ എന്നീ വിശേഷണങ്ങളും മധ്യകാലയൂറോപ്പ് അദ്ദേഹത്തിന്‌ നൽകി. പേർഷ്യക്കാരനോ അറബിയോ ആയിരുന്നു അദ്ദേഹം. പ്രകാശശാസ്ത്രം, ശരീരശാസ്ത്രം, ജ്യോതിശാസ്ത്രം, സാങ്കേതികവിദ്യ, ഗണിതം, വൈദ്യശാസ്ത്രം, നേത്രാരോഗ്യശാസ്ത്രം, ദർശനം, ഭൗതികശാസ്ത്രം, മനഃശാസ്ത്രം എന്നിവയെല്ലാം ഇബ്നു ഹൈത്തം വിലപ്പെട്ട സംഭാവനകൾ നൽകിയ മേഖലകളാണ്‌.

ബൂയി പേർഷ്യയുടെ ഭാഗമായിരുന്ന ബസ്രയിൽ 965-നടുത്ത് ജനനം. ജീവിതത്തിന്റെ പ്രധാന ഭാഗവും ഈജിപ്തിലെ കെയ്റോയിലാണ് ചിലവഴിച്ചത്. തന്റെ ഗണിതജ്ഞാനത്തിന്റെ പ്രായോഗികതയെക്കുറിച്ച് അമിത ആത്മവിശ്വാസമുണ്ടായിരുന്ന ഇബ്‌നു ഹൈത്തം നൈൽ നദിയിലെ വെള്ളപ്പൊക്കത്തെ തടഞ്ഞുനിർത്താൻ തനിക്കാവുമെന്ന് അവകാശപ്പെട്ടു. ഫാത്വിമി രാജവംശത്തിലെ ആറാം ഖലീഫയായിരുന്ന അൽ ഹാകിം ബി അംരില്ല ഇത് നിറവേറ്റാൻ ആവശ്യപ്പെട്ടപ്പോൾ അസാധ്യമെന്ന് മനസ്സിലാക്കി എൻജിനീയറിങ്ങ് എന്നെന്നേക്കുമായി ഉപേക്ഷിച്ചു. രാജശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ഭ്രാന്തഭിനയിച്ച ഇബ്നുഹൈത്തം ഖലീഫയുടെ മരണം വരെ വീട്ടുതടങ്കലിലായി. വീട്ടുതടങ്കലിൽ തന്റെ മുഴുവൻ സമയവും ശാസ്ത്രത്തിനായാണ്‌ നീക്കിവച്ചത്. എഴുപത്തിആറാം വയസ്സിൽ അന്തരിച്ചു.

പ്രകാശശാസ്ത്രത്തിന്റെ പുസ്തകം എന്ന ഗ്രന്ഥമെഴുതിയതിന്റെ പേരിൽ അൽഹസൻ ആധുനിക പ്രകാശശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നു. കാഴ്ചയുടെ ആധുനികവിശദീകരണങ്ങൾക്ക് അടിത്തറ പാകുന്നതിൽ ഈ ഗ്രന്ഥം പ്രധാന പങ്കു വഹിച്ചു. കാചങ്ങൾ, ദർപ്പണങ്ങൾ, അപവർത്തനം, പ്രതിഫലനം, പ്രകീർണ്ണനം എന്നിവയുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പരീക്ഷണങ്ങളും പ്രധാനമാണ്‌. ബൈനോകൂലർ വിഷൻ, ചന്ദ്രൻ ചക്രവാളത്തിനടുത്തായിരിക്കെ കൂടുതൽ വലുതായി അനുഭവപ്പെടുന്ന പ്രതിഭാസം മുതലായവയെക്കുറിച്ചൊക്കെ പഠിച്ച ഇബ്നു ഹൈത്തം പ്രകാശവേഗം അനന്തമല്ലെന്നും പ്രകാശം നേർരേഖയിൽ ചലിക്കുന്ന കണികകളാൽ നിർമ്മിതമാണെന്നും വാദിച്ചു. ശാസ്ത്രത്തിൽ - പ്രത്യേകിച്ച് ഭൗതികശാസ്ത്രത്തിൽ - പരീക്ഷണങ്ങൾക്കും അളവുകൾക്കും അദ്ദേഹം നൽകിയ പ്രാധാന്യം കാരണം ആധുനിക ശാസ്ത്രീയരീതിയുടെയും പരീക്ഷണാത്മക ഭൗതികശാസ്ത്രത്തിന്റെയും ഉപജ്ഞാതാവായി അദ്ദേഹത്തെ കണക്കാക്കുന്നു. ആദ്യത്തെ ശാസ്ത്രജ്ഞൻ, പരീക്ഷണാത്മക മനഃശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്, പ്രതിഭാസവിജ്ഞാനത്തിന്റെ ആദ്യപ്രയോക്താക്കളിലൊരാൾ എന്ന വിശേഷണങ്ങൾ അദ്ദേഹത്തിന്‌ നൽകുന്നവരുണ്ട്.

കാമറ ഒബ്സ്ക്യൂറയുടെ പ്രവർത്തനം ആദ്യമായി ശരിയായി വിശദീകരിച്ചത് ഇബ്നു ഹൈത്തമാണ്‌. ഫെർമയുടെ കുറഞ്ഞ സമയതത്ത്വം, ന്യൂട്ടന്റെ ജഡത്വസിദ്ധാന്തം എന്നിവ അദ്ദേഹം കണ്ടെത്തി. ആക്കം എന്ന സങ്കല്പവും അദ്ദേഹം വികസിപ്പിച്ചെടുത്തു. വസ്തുക്കൾ തമ്മിലുള്ള ഗുരുത്വാകർഷണം വിശദീകരിച്ച അദ്ദേഹത്തിന്‌ ഗുരുത്വഫലമായുണ്ടാകുന്ന ത്വരണത്തെക്കുറിച്ചും അറിവുണ്ടായിരുന്നു. ജ്യോതിശാസ്ത്രവസ്തുക്കളും ഭൗതികശാസ്ത്രത്തിലെ നിയമങ്ങൾ അനുസരിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട ഇബ്നു ഹൈത്തം ടോളമിയുടെ ഭൂകേന്ദ്രവ്യവസ്ഥയ്ക്ക് എതിരായിരുന്നു. സംഖ്യാശാസ്ത്രത്തിലെ വിൽസൺ സിദ്ധാന്തം, ലാംബർട്ട് ചതുർഭുജം, പ്ലേഫെയർ സ്വയം‌സിദ്ധപ്രമാണത്തിന്‌ സമാനമായ സങ്കല്പം എന്നിവയെല്ലാം അദ്ദേഹം വികസിപ്പിച്ചു. അൽഹസൻ പ്രശ്നവും അതിന്റെ നിർദ്ധാരണവും കലനം, ഗണിതീയ ആഗമനം എന്നിവയുടെ ആദ്യരൂപങ്ങളുപയോഗിച്ച് അദ്ദേഹം കണ്ടെത്തി.


ജീവചരിത്രം:
അക്കാലത്ത് ബൂയി പേർഷ്യയുടെ ഭാഗമായിരുന്ന ബസ്രയിലാണ്‌ ഇബ്നു ഹൈത്തം ജനിച്ചത്. ഇസ്‌ലാമിക സുവർണ്ണകാലത്ത് ബസ്ര വിജ്ഞാനത്തിന്റെ കേന്ദ്രമായിരുന്നു. ബസ്രയിലും അബ്ബാസി ഖിലാഫത്തിന്റെ തലസ്ഥാനമായിരുന്ന ബഗ്ദാദിലും വിദ്യ അഭ്യസിച്ചു. ഇറാഖിൽ ജോലി ചെയ്തിരുന്ന കാലത്ത് മതപരവും ശാസ്ത്രീയവുമായ ധാരാളം ഗ്രന്ഥങ്ങൾ വായിച്ചു.

നൈൽ നദിയിലെ വെള്ളപ്പൊക്കങ്ങൾ നിയന്ത്രിക്കാൻ ഫാത്വിമി ഖലീഫ അൽ ഹാകിം വി അംരില്ല അദ്ദേഹത്തെ ഈജിപ്തിലേക്ക് വിളിച്ചു. ഇന്ന് അസ്വാൻ അണക്കെട്ട് സ്ഥിതിചെയ്യുന്നിടത്ത് ഒരു അണക്കെട്ട് നിർമ്മിക്കാൻ അദ്ദേഹം ശ്രമമാരംഭിച്ചു. ഇത് പ്രായോഗികമല്ലെന്ന് ഒടുവിൽ തിരിച്ചറിഞ്ഞ അൽഹസൻ രാജകോപത്തിൽ നിന്ന് രക്ഷപ്പെടാനായി ഭ്രാന്തഭിനയിച്ചു. 1011 മുതൽ 1021-ൽ അൽ ഹാകിമിന്റെ മരണം വരെ അദ്ദേഹം വീട്ടുതടങ്കലിലായിരുന്നു. ഈ സമയത്താണ്‌ പ്രകാശശാസ്ത്രത്തിന്റെ പുസ്തകം എന്ന ഗ്രന്ഥമെഴുതിയത്.

ഇബ്നു ഹൈത്തം സിറിയയിലേക്ക് രക്ഷപ്പെട്ടതായും ശേഷകാലത്ത് ബഗ്ദാദിലും ബസ്രയിലും തിരിച്ചെത്തിയതായും കഥകളുണ്ടെങ്കിലും 1038 ആയപ്പോഴേക്കും ഈജിപ്തിൽ തിരിച്ചെത്തിയിരുന്നുവെന്ന് തീർച്ചയാണ്‌. കെയ്റോയിലെ താമസത്തിനിടെ അൽ അസർ സർവകലാശാലയുമായും കെയ്റോയിലെ ദാറുൽ ഹിക്മയുമായും അദ്ദേഹം ബന്ധപ്പെട്ടു. വീട്ടുതടങ്കൽ അവസാനിച്ചശേഷം ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിൽ ധാരാളമായി എഴുതി. അപ്പോൾ ഇസ്ലാമിന്‌ കീഴിലായിരുന്ന സ്പെയിനിലേക്കും യാത്ര നടത്തി. ഇക്കാലത്ത് ശാസ്ത്രവിഷയങ്ങളിൽ ധാരാളം പഠനങ്ങൾ നടത്തുകയും ധാരാളം പുസ്തകങ്ങളെഴുതുകയും ചെയ്തു. കെയ്റോയിൽ വച്ചാണ്‌ മരണമടഞ്ഞത് എന്ന് കരുതപ്പെടുന്നു.

പൈതൃകം:
പ്രകാശശാസ്ത്രം, ഭൗതികശാസ്ത്രങ്ങൾ, ശാസ്ത്രീയരീതി എന്നിവയ്ക്ക് ഇബ്നുഹൈത്തം പ്രധാന സംഭാവനകൾ നൽകി. തന്റെ മരണശേഷം അഞ്ചുനൂറ്റാണ്ടോളം കാലം അദ്ദേഹത്തിന്റെ രീതിശാസ്ത്രം ശാസ്ത്രലോകത്തിന്റെ പുരോഗതിയെ കാര്യമായി സ്വാധീനിച്ചു. പരീക്ഷണങ്ങൾക്ക് അതുവരെയില്ലാത്ത പ്രാധാന്യം അദ്ദേഹം നൽകി. ശാസ്ത്രീയ രീതി ഇന്നത്തെ ശാസ്ത്രഗവേഷണങ്ങളിൽ ഒഴിച്ചുകൂടാനാവാത്തതാണ്‌. അൽഹസന്‌ മുമ്പത്തെ ഗവേഷണങ്ങൾ pre-scientific എന്നുവരെ വിശേഷിപ്പിക്കപ്പെടുന്നു.

ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ അബ്ദുസ്സലാം ഇബ്നു ഹൈത്തമിനെ എക്കാലത്തെയും മഹാന്മാരായ ഭൗതികശാസ്ത്രജ്ഞന്മാരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നു. ശാസ്ത്രചരിത്രത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്ന ജോർജ് സാർട്ടൺ മധ്യകാലത്തെ ഏറ്റവും മഹാനായ ഭൗതികശാസ്ത്രജ്ഞൻ എന്നാണ്‌ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. അൽ ഹൈത്തമിന്റെ പ്രകാശശാസ്ത്രപരീക്ഷണങ്ങൾ നവോത്ഥാനകാലത്തെ കലാകാരന്മാരെ സ്വാധീനിച്ചിട്ടുണ്ടാകാം എന്ന് കരുതപ്പെടുന്നു. 12-ആം നൂറ്റാണ്ടിൽ പ്രകാശശാസ്ത്രത്തിന്റെ പുസ്തകം ലാറ്റിനിലേക്ക് പരിഭാഷ ചെയ്യപ്പെട്ടു. പാശ്ചാത്യശാസ്ത്രത്തെ ഈ ഗ്രന്ഥം കാര്യമായി സ്വാധീനിക്കുകയുണ്ടായി. റോജർ ബേക്കൺ, കെപ്ലർ എന്നിവർ ഈ പുസ്തകം സ്വാധീനിച്ചവരിൽ പെടുന്നു. പരീക്ഷണരീതികളിൽ കാര്യമായ പുരോഗതിക്കും പുസ്തകം കാരണമായി.

ഇബ്നു ഹൈത്തമിന്റെ പഠനങ്ങൾ ഇബ്നു റുഷ്ദിന്റെ പ്രകാശശാസ്ത്രവുമായി ബന്ധപ്പെട്ട രചനകളെയും സ്വാധീനിച്ചു. പ്രകാശശാസ്ത്രത്തിന്റെ പുസ്തകത്തിലെ കണ്ടെത്തലുകളെ പേർഷ്യൻ ശാസ്ത്രജ്ഞനായ കമാലുദ്ദീൻ ഫാരിസി വികസിപ്പിക്കുകയും ചെയ്തു. ഫാരിസിയും തിയോഡറിൿ ഓഫ് ഫ്രൈബർഗും മഴവില്ലിന്റെ കാരണം വിശദീകരിച്ചത് ഇബ്നു ഹൈത്തമിന്റെ ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ്‌. ഇബ്നു ഹൈത്തമിന്റെയും ഫാരിസിയുടെയും ഗവേഷണത്തെ ഉസ്മാനി ഖിലാഫത്തിലെ താഖിഉദ്ദീൻ മുഹമ്മദിബ്നു മഅ്റൂഫ് മുന്നോട്ടുകൊണ്ടുപോയി.

ഇരുനൂറോളം ഗ്രന്ഥങ്ങളെഴുതിയെങ്കിലും 55 എണ്ണം മാത്രമേ അവശേഷിച്ചിട്ടുള്ളൂ. ഇവയിൽത്തന്നെ മിക്കതും അറബിയിൽ നിന്ന് തർജ്ജമ ചെയ്യപ്പെട്ടിട്ടുമില്ല. പ്രകാശശാസ്ത്രവുമായി ബന്ധപ്പെട്ട ചില രചനകൾ പോലും ലാറ്റിൻ തർജ്ജമകൾ വഴിയാണ്‌ അവശേഷിച്ചിട്ടുള്ളത്. മധ്യകാലത്ത് പ്രപഞ്ചവിജ്ഞാനവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ രചനകൾ ലാറ്റിൻ, ഹീബ്രു മുതലായ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ചന്ദ്രനിൽ ഒരു ഗർത്തം അൽഹസൻ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഛിന്നഗ്രഹമായ 59239 അൽഹസനും അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടതാണ്‌. 2003-ൽ പുറത്തിറങ്ങിയ 10,000 ഇറാഖി ദിനാർ നോട്ടുകളിലും 1982 മുതലുള്ള 10 ഇറാഖി ദിനാർ നോട്ടുകളിലും അൽഹസന്റെ ചിത്രമുണ്ട്. സദ്ദാം ഹുസൈന്റെ ഭരണകാലത്ത് രാസ-ജൈവായുധങ്ങളുടെ നിർമ്മാണശാലയെന്ന് സംശയിക്കപ്പെട്ടിരുന്ന ഇറാഖിലെ ഒരു ഗവേഷണശാലയും അൽഹസന്റെ പേരിലാണ്‌.

പ്രകാശശാസ്ത്രത്തിന്റെ പുസ്തകം:
ഏഴ് വാല്യങ്ങളുള്ള കിതാബ് അൽ മനാസിർ (പ്രകാശശാസ്ത്രത്തിന്റെ പുസ്തകം) ആണ്‌ ഇബ്നു ഹൈത്തമിന്റെ ഏറ്റവും പ്രശസ്തമായ രചന. 1011 മുതൽ 1021 വരെയുള്ള കാലം കൊണ്ടാണ്‌ ഈ പുസ്തകം എഴുതിത്തീർത്തത്. ഭൗതികശാസ്ത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച പുസ്തകങ്ങളുടെ കൂട്ടത്തിൽ ന്യൂട്ടന്റെ പ്രിൻസിപിയയോടൊപ്പം ഇത് എണ്ണപ്പെടുന്നു. ശാസ്ത്രീയരീതി വികസിപ്പിച്ചെടുത്ത ഈ പുസ്തകം പ്രകാശശാസ്ത്രത്തിലും കാഴ്ചയുടെ പഠനത്തിലും വിപ്ലവത്തിനുതന്നെ കാരണമായി.

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനമോ പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യമോ കിതാബ് അൽ മനാസിർ ലാറ്റിനിലേക്ക് തർജ്ജമ ചെയ്യപ്പെട്ടു. തർജ്ജമയുടെ കർത്താവ് ആരെന്ന് വ്യക്തമല്ല. 1572-ൽ ഫ്രീഡ്രിച്ച് റിസ്നെർ Opticae thesaurus: Alhazeni Arabis libri septem, nuncprimum editi; Eiusdem liber De Crepusculis et nubium ascensionibus എന്ന പേരിൽ ഇത് പ്രസിദ്ധീകരിച്ചു. "Alhazen" എന്ന രീതിയിൽ പേരെഴുതാൻ തുടങ്ങിയതും റിസ്നെറാണ്‌. അതിനുമുമ്പ് Alhacen എന്നായിരുന്നു അക്ഷരവിന്യാസം. ഈ പുസ്തകം മധ്യകാലയൂറോപ്പിൽ വളരെയധികം പ്രസിദ്ധിയാർജ്ജിച്ചു. ജ്യാമിതീയവിഷയങ്ങളിൽ അൽഹസന്റെ രചനകൾ പാരീസിലെ ബിബ്ലിയോതെക് നാസണലിൽ നിന്ന് 1832-ൽ ഇ.എ. സെഡിയ്യോ കണ്ടെടുത്തു. മറ്റ് പ്രതികൾ ഓക്സ്ഫർഡിലെ ബോഡ്ലയൻ ലൈബ്രറിയിലും ലൈഡനിലെ ലൈബ്രറിയിലും സൂക്ഷിച്ചിരിക്കുന്നു.

പ്രകാശശാസ്ത്രം:
പ്രകാശം നേർരേഖയിൽ ചലിക്കുന്നുവെന്ന് ശാസ്ത്രീയരീതിയുപയോഗിച്ച് ഇബ്നു ഹൈത്തം പ്രകാശശാസ്ത്രത്തിന്റെ പുസ്തകത്തിൽ കണ്ടെത്തി
കാഴ്ചയെ വിശദീകരിക്കാൻ രണ്ട് സിദ്ധാന്തങ്ങൾ പ്രാചീനകാലത്തുണ്ടായിരുന്നു : യൂക്ലിഡ്, ടോളമി മുതലായ ചിന്തകർ പിന്താങ്ങിയിരുന്ന ഉത്സർജ്ജനസിദ്ധാന്തം ആയിരുന്നു ആദ്യത്തേത്. കണ്ണ് പ്രകാശരശ്മികളെ പുറത്തുവിടുന്നുവെന്നും അവ വസ്തുക്കളിൽ തട്ടുമ്പോഴാണ്‌ കാഴ്ച സാധ്യമാകുന്നത് എന്നുമാണ്‌ ഈ സിദ്ധാന്തം വാദിച്ചത്. അരിസ്റ്റോട്ടിലും അനുചരന്മാരും വിശ്വസിച്ചിരുന്ന intromission theory ആകട്ടെ, വസ്തുക്കൾ ഭൗതികരൂപങ്ങളെ പുറത്തുവിടുന്നുവെന്നും അവ കണ്ണിലെത്തുമ്പോഴാണ്‌ കാഴ്ചയുടെ അനുഭൂതി ഉണ്ടാകുന്നതെന്നും വാദിച്ചു. ഇബ്നു ഹൈത്തം തന്റെ പുസ്തകത്തിലൂടെ ഈ രണ്ട് സിദ്ധാന്തങ്ങളെയും ഖണ്ഡിച്ചു. കണ്ണ് തുറന്ന ഉടനെത്തന്നെ കണ്ണിൽ നിന്ന് പുറപ്പെടുന്ന രശ്മികൾ വിദൂരസ്ഥമായ നക്ഷത്രങ്ങളിലെത്തുക സാധ്യമല്ല എന്ന് അദ്ദേഹം വാദിച്ചു. ശക്തിയേറിയ പ്രകാശസ്രോതസ്സുകളിലേക്ക് നോക്കുമ്പോൾ കാഴ്ച മങ്ങുന്നുവെന്നും കാഴ്ചയ്ക്ക് തകരാർ വരെ വരാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വസ്തുക്കളിലെ ഓരോ ബിന്ദുവിൽ നിന്നും പുറത്തുവരുന്ന പ്രകാശരശ്മികൾ കണ്ണിലെത്തുന്നതാണ്‌ കാഴ്ച എന്ന് അദ്ദേഹം വിശദീകരിച്ചു. പരീക്ഷണങ്ങളുടെ സഹായത്തോടെ ഇത് തെളിയിക്കാനും അദ്ദേഹത്തിനായി. ജ്യാമിതീയ പ്രകാശശാസ്ത്രത്തെയും തത്ത്വചിന്തയിൽ അധിഷ്ഠിതമായിരുന്ന ഭൗതികശാസ്ത്രത്തെയും ഒരുമിപ്പിച്ച് ആധുനിക പ്രകാശശാസ്ത്രത്തിന്‌ ഇബ്നു ഹൈത്തം അടിത്തറ പാകി.

കാചങ്ങൾ, ദർപ്പണങ്ങൾ, പ്രതിഫലനം, അപവർത്തനം എന്നിവയെക്കുറിച്ച് അനേകം പരീക്ഷണങ്ങൾ നടത്തിയ ഇബ്നു ഹൈത്തം പ്രകാശം നേർരേഖയി സഞ്ചരിക്കുന്നുവെന്ന് തെളിയിച്ചു. പ്രതിഫലിതവും അപവർത്തിതവുമായ രശ്മികളെ ആദ്യമായി തിരശ്ചീനവും ലംബവുമായുള്ള ഭാഗങ്ങളാക്കി വിഭജിച്ചതും അദ്ദേഹമാണ്‌. ജ്യാമിതീയപ്രകാശശാസ്ത്രത്തിലെ പ്രധാനപ്പെട്ട സംഭവവികാസമായി ഇത് വിലയിരുത്തപ്പെടുന്നു. സ്നെൽ നിയമത്തിന്‌ സമാനമായ ചില പരീക്ഷണഫലങ്ങൾ ലഭിച്ചുവെങ്കിലും അതിനെ പാരിമാണികമായ നിയമമാക്കാനോ ഗണിതപരമായി തെളിവ് നൽകാനോ അദ്ദേഹം ശ്രമിച്ചില്ല.

കാമറ ഒബ്സ്ക്യൂറ, പിൻഹോൾ കാമറ എന്നിവയുടെ പ്രവർത്തനം ആദ്യമായി വിശദീകരിച്ചത് ഇബ്നു ഹൈത്തമാണ്‌. പ്രകാശത്തിന്റെ ഒരു രശ്മി ചെറിയ ദ്വാരത്തിലൂടെ കടന്നുപോകുമ്പോൾ എന്തു സംഭവിക്കുമെന്ന് അരിസ്റ്റോട്ടിൽ, അലക്സാണ്ട്രിയയിലെ തിയോൺ, അൽ കിന്ദി, ചൈനീസ് ദാർശനികനായിരുന്ന മോസി എന്നിവർ വിശദീകരിച്ചിരുന്നുവെങ്കിലും ദ്വാരത്തിന്‌ പിന്നിലെ പ്രതലത്തിൽ പതിയുന്നത് മുന്നിലുള്ള എല്ലാ വസ്തുക്കളുടെയും ദൃശ്യമായിരിക്കുമെന്ന് ആദ്യമായി സമർത്ഥിച്ചത് ഇബ്നു ഹൈത്തമാണ്‌. കുറേ പ്രകാശസ്രോതസ്സുകളുടെ ദൃശ്യം തന്റെ കാമറയിലൂടെ പകർത്തി ഇത് അദ്ദേഹം തെളിയിക്കുകയും ചെയ്തു. കാമറ ഒബ്സ്ക്യൂറ ഉപയോഗിച്ച് പൂർണ്ണമായ ഒരു ചിത്രം ആദ്യമായി സ്ക്രീനിൽ പകർത്തിയത് അദ്ദേഹമാണ്‌.

വൈദ്യശാസ്ത്രം:
വൈദ്യശാസ്ത്രം, നേത്രാരോഗ്യശാസ്ത്രം, ശരീരശാസ്ത്രം, ഫിസിയോളജി എന്നിവയെക്കുറിച്ചെല്ലാം ഇബ്നു ഹൈത്തം എഴുതിയിട്ടുണ്ട്. ഗാലന്റെ കൃതികളുടെ പഠനവും അദ്ദേഹത്തിന്റെ രചനകളുടെ ഭാഗമാണ്‌. കണ്ണിനെ പ്രകാശോപകരണമായി കണക്കാക്കിക്കൊണ്ടുള്ള അതിന്റെ ആന്തരഘടനയുടെ വിവരണമാണ്‌ ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ പ്രധാന സംഭാവനയായി കണക്കാക്കുന്നത്.

കാമറ ഒബ്സ്ക്യൂറയെക്കുറിച്ചുള്ള പരീക്ഷണത്തിലധിഷ്ഠിതമായ പഠനവും ഈ ഉപകരണവും കണ്ണും തമ്മിലുള്ള താരതമ്യവിശകലനവും വഴി ശരീരശാസ്ത്രത്തെയും പ്രകാശശാസ്ത്രത്തെയും ഒരുമിപ്പിച്ച് ഫിസിയോളജിക്കൽ ഒപ്റ്റിക്സ് എന്ന പുതിയ ശാസ്ത്രശാഖയ്ക്ക് പ്രകാശശാസ്ത്രത്തിന്റെ പുസ്തകത്തിൽ ഇബ്നു ഹൈത്തം രൂപം നൽകി. കാഴ്ച, കണ്ണിന്റെ ഘടന, കണ്ണിൽ പ്രതിരൂപങ്ങളുടെ രൂപവത്കരണം എന്നിവയെക്കുറിച്ചെല്ലാം ഈ കൃതി പ്രതിപാദിക്കുന്നു.കാമറ ഒബ്സ്ക്യൂറയിൽ സംഭവിക്കുന്നതിന്‌ സമാനമായി കണ്ണിലും പ്രതിബിംബം തലകീഴാണ്‌ രൂപം കൊള്ളുന്നതെന്ന് അദ്ദേഹം വാദിച്ചു. കൃഷ്ണമണിയെ കാമറയിലെ ദ്വാരത്തിന്‌ സമാനമായും അദ്ദേഹം കരുതി. കണ്ണിലെ കാചമാണ്‌ പ്രകാശത്തെ തിരിച്ചറിയുന്നത് എന്ന ഇബ്നു സീനയുടെ തെറ്റായ അഭിപ്രായത്തെ പിന്താങ്ങിയെങ്കിലും ഈ പ്രക്രിയയിൽ ദൃഷ്ടിപടലത്തിനും പങ്കുണ്ടെന്ന് ശരിയായി അനുമാനിച്ചു. രണ്ടു കണ്ണുകളും ഒരുമിച്ച് ചലിക്കുന്നതിന്റെ വിശദീകരണമായ ഹെറിങ് നിയമത്തിന്റെ ആദ്യത്തെ പൂർണ്ണരൂപവും ഇബ്നു ഹൈത്തമിന്റെ സംഭാവനയാണ്‌. അരിസ്റ്റോട്ടിൽ, ടോളമി എന്നിവരുടെ സംഭാവനകളുണ്ടായിരുന്ന വിഷയമായ രണ്ട് കണ്ണുകളുപയോഗിച്ചുള്ള കാഴ്ചയെയും അനുബന്ധപ്രതിഭാസങ്ങളെയും കുറിച്ചുള്ള പഠനശാഖയും അദ്ദേഹം വികസിപ്പിച്ചു.

ശാസ്ത്രീയരീതി:
ഭൂരിഭാഗം ചരിത്രകാരന്മാരുടെയും അഭിപ്രായമനുസരിച്ച് ഇബ്നുഹൈത്തം ആധുനിക ശാസ്ത്രീയരീതിയുടെ ഉപജ്ഞാതാവായിരുന്നു എന്ന് റോസന്ന ഗൊറിനി പറയുന്നു. സിദ്ധാന്തങ്ങൾ ശരിയോ തെറ്റോ എന്നറിയാൻ അദ്ദേഹം കൃത്യമായ പരീക്ഷണവ്യവസ്ഥകൾ നിർമ്മിച്ചു. താഴെപ്പറയുന്ന പടികളടങ്ങിയ ഇബ്നു ഹൈത്തമിന്റെ രീതി ഇന്നത്തെ ശാസ്ത്രീയരീതിയുമായി വളരെയധികം സാമ്യം പുലർത്തുന്നു:

  1. നിരീക്ഷണം
  2. പ്രശ്നത്തിന്റെ കൃത്യമായ നിർവചനം
  3. പരികല്പന
  4. പരീക്ഷണം വഴി പരികല്പന ശരിയാണോ എന്ന് പരിശോധിക്കുക
  5. പരീക്ഷണഫലങ്ങളുടെ വിശകലനം
  6. വിവരങ്ങളുടെ അപഗ്രഥനവും നിഗമനവും
  7. കണ്ടെത്തലുകളുടെ പ്രസിദ്ധീകരണം